District News
കുണ്ടറ: ലഹരിക്കെതിരേ സന്ധിയില്ലാ പോരാട്ടമാണ് ഓപ്പറേഷന് തൂഫാനിലൂടെ സര്ക്കാര് നടത്തുന്നതെന്ന് സാംസ്കാരിക-ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഇളമ്പള്ളൂര് എസ്എന്എസ് എം എച്ച്എസ്എസില് കൊല്ലം റൂറല് പോലീസിന്റെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്ന്ന് പ്ലസ് വണ് വിദ്യാര്ഥിനിയായ ലിജി ആര്. സജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഇളമ്പള്ളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്ഗീസ്, റൂറല് എസ്പി ഷാജി സുഗുണന്, ഡിവൈഎസ്പി എം.കെ. ബിനുകുമാര് തുടങ്ങിയവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ബീച്ചിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയോ ആണെന്നു നമ്മൾ കരുതിയിരുന്ന ‘ക്ലൈമറ്റ് റെഫ്യൂജീസ് ’ ഇപ്പോൾ നമ്മുടെ കുട്ടനാട്ടിലുമുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ആ പ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. അവിടെനിന്ന് ആളുകൾ മറ്റു സ്ഥലങ്ങളിലേക്കു മാറാൻ തുടങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കടൽക്ഷോഭങ്ങൾ നിമിത്തം മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കൂടുതലായി ദുരിതം അനുഭവിക്കേണ്ടി വരുന്നു. ചുഴലിക്കാറ്റുകളും ഉയർന്ന തിരമാലകളും അറബിക്കടലിൽ വർഷംതോറും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് ഏറ്റവുമധികം മുൻഗണന നൽകുന്നതെന്ന് ടൂറിസം ഡയറക്ടർ എം. അഞ്ജന പറഞ്ഞു. സംസ്ഥാനത്ത് സുസ്ഥിര ടൂറിസം വികസനം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
ചടങ്ങിൽ മന്ത്രി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൂറിസം ഡയറക്ടർ എം. അഞ്ജന, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, ഹാർബർ വാർഡ് കൗണ്സിലർ അഫ്ന സജീന എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്നു ചർച്ച നടത്തും. വൈകുന്നേരം നാലിനു തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലാണ് ചർച്ച.
ബജറ്റിനു മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കൾ, നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിനു മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സിനിമാസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്നങ്ങൾ. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ചൊവാഴ്ച വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക.
താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Kerala
ന്യൂഡൽഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.
വലിയ സന്തോഷത്തിലാണ്. സർക്കാരിന്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
സർക്കാർ പണം വാരി എറിഞ്ഞു. പിആർ വർക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സർക്കാർ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ടാഗ് ലൈൻ.
തിരുവനന്തപുരത്തെ സിപിഎം പരാജയത്തിൽ, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.
ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബിജെപി ജയിച്ച തൃശൂരിൽ ഒരു ചലനവും ബിജെപി ഉണ്ടാക്കിയില്ല. ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രമാണെന്നും അത് ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർഥ്യമാക്കുമെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്നു കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്.
സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരന്റെ പ്രവർത്തനങ്ങളോട് സാമ്യമുള്ള രീതിയിലാണ് ശബരിമല സ്വർണക്കൊള്ളയും നടന്നിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. അതിനാൽ ശബരിമലയിലെ ‘സുഭാഷ് കപൂർ’ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഏതാനും ഉദ്യോഗസ്ഥരിൽ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളൂ. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽത്തന്നെ വ്യക്തമാണ്.
ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മന്ത്രി എന്നിവർ ഉൾപ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് ആശാൻ സ്ക്വയറിൽനിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും.സെക്രട്ടേറിയറ്റ് ധർണ രാവിലെ 11ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ.എസ്. ഗോപകുമാർ, ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.